ധാക്ക: ബംഗ്ലാദേശിൽ ഹൈന്ദവ യുവാവിനെ മർദിച്ചവശനാക്കിയശേഷം വിഷംകൊടുത്തു കൊന്നതായി ആരോപണം. സുനംഗഞ്ച് എന്ന സ്ഥലത്തുണ്ടായ സംഭവത്തിൽ ജോയ് മഹപത്ര എന്ന ഇരുപത്തൊന്നുകാരനാണ് മരിച്ചത്.
വ്യാഴാഴ്ച പ്രദേശത്തെ ഒരാൾ ജോയിയെ വിളിച്ചുകൊണ്ടുപോയി മർദിച്ചശേഷം വിഷംകൊടുത്തു വെന്നാണ് റിപ്പോർട്ട്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജോയി ഇന്നലെ മരിച്ചു.
ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിൽ ഫോൺ വാങ്ങിയതിന്റെ കുടിശികയുമായി ബന്ധപ്പെട്ട തർക്കമാണ് ദാരുണ സംഭവത്തിൽ കലാശിച്ചതെന്നു സൂചനയുണ്ട്.
ഏതാനും ദിവസം മുന്പ് ഭണ്ഡാർപുർ എന്ന സ്ഥലത്ത് മോഷ്ടാവെന്നാരോപിക്കപ്പെട്ട ഹിന്ദു യുവാവ് മർദനത്തിൽനിന്നു രക്ഷപ്പെടാൻ നദിയിൽ ചാടിയതിനെത്തുടർന്ന് മരണപ്പെട്ടിരുന്നു.
ബംഗ്ലാദേശിൽ ഹൈന്ദവർക്കെതിരേ ആക്രമണങ്ങൾ വർധിക്കുന്നതിനു പിന്നിൽ ന്യൂനപക്ഷ വിരുദ്ധതയാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.